തരൂർ വിശ്വപൗരൻ, അഭിപ്രായം പറയാനില്ല: കെ. മുരളീധരൻ
Saturday, February 15, 2025 2:47 PM IST
കോഴിക്കോട്: കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും.
തരൂര്‍ വിശ്വപൗരനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെ പോലുള്ള സാധാരണ പ്രവര്ത്തകന് അഭിപ്രായം പറയാനാകില്ലെന്നും മുരളീധരന് പറഞ്ഞു.
തരൂരിന്റെ പ്രസ്താവനയ്ക്ക് ദേശീയ നേതൃത്വം മറുപടി പറയുമെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.
'കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ് തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടത്. ഞങ്ങളൊക്കെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അദ്ദേഹം ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവും വിശ്വപൗരനുമാണ്. അങ്ങനെയുള്ളവരുടെ കാര്യത്തില്‍ ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ അഭിപ്രായം പറയുന്നത് ശരിയല്ല.
ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കും. തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു കാരണവശാലും എല്‍ഡിഎഫിന്റെ ഒരു നയങ്ങളെയും അംഗീകരിക്കാനാകില്ല. സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ടുപോകും. കേരളത്തില്‍ ജനവിരുദ്ധ സര്‍ക്കാരിനെ പുറത്താക്കാനാണ് പ്രവര്‍ത്തിക്കുന്നത്' - മുരളീധരന് പറഞ്ഞു.
'കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ നന്നായി അറിയാം. ആരുടെയും സര്‍ട്ടിഫിക്കറ്റ് നോക്കിയിട്ടില്ല, അവര്‍ അവരുടെ അനുഭവങ്ങള്‍ നോക്കിയിട്ടാണ് വോട്ട് ചെയ്യുന്നത്. സര്‍ക്കാരിനെതിരായ ജനവിധിയാകും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുക. തരൂരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള ചുമതല തന്നെപ്പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ക്കില്ല. പാര്‍ട്ടിയുടെ ഏത് അഭിപ്രായം ശിരസാവഹിക്കാനും പാര്‍ട്ടി പറയുന്ന സ്ഥലത്തൊക്കെ പോയി മത്സരിക്കാനുള്ള ചെറിയ കഴിവേ എനിക്കുള്ളു. അതുകൊണ്ട് അദ്ദേഹത്തെ പറ്റി ഒന്നു പറയാനില്ല' - മുരളീധരന് പറഞ്ഞു.