വയനാട് പുനർനിർമാണം: കേന്ദ്രവായ്പയ്ക്കുള്ള ഉപാധിയിൽ ഇളവ് ആവശ്യപ്പെടാൻ കേരളം
Saturday, February 15, 2025 12:09 PM IST
ന്യൂഡൽഹി: വയനാട് പുനർ നിർമാണത്തിനായി കേന്ദ്രം അനുവദിച്ച വായ്പയ്ക്കുള്ള ഉപാധിയിൽ ഇളവ് ആവശ്യപ്പെടാൻ കേരളം. വായ്പ തുക മാർച്ച് 31നകം ചെലവഴിക്കണമെന്ന ഉപാധി പ്രായോഗികമല്ലെന്നാണ് സർക്കാർ നിലപാട്.
ഈ സാന്പത്തിക വർഷത്തിൽതന്നെ പദ്ധതികൾ തുടങ്ങിവയ്ക്കാനാണ് സർക്കാർ നീക്കം. ഇതിനായി കേന്ദ്രം അനുവദിച്ച വായ്പ എങ്ങനെ വിനിയോഗിക്കണമെന്ന് ചർച്ച ചെയ്യാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കും.
എത്രയും പെട്ടെന്ന് തുക വിനിയോഗിക്കാൻ വഴി ആലോചിക്കും. ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തയാറാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്താണ് തുടർ നടപടി ചർച്ച ചെയ്യുന്നത്. പദ്ധതി തുടങ്ങിവച്ച ശേഷം കേന്ദ്രത്തോട് കൂടുതൽ സമയം തേടും.
വയനാട് പുനർ നിർമാണത്തിനായി കേന്ദ്രസഹായം തേടിയ കേരളത്തിന് 529.5 കോടിയുടെ കാപ്പക്സ് വായ്പയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. 2025 മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് മൂലധനനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ വായ്പ അനുവദിച്ചിരിക്കുന്നത്.