താമരശേരിയിൽ ആദിവാസി യുവാവ് റോഡിൽ മരിച്ച നിലയിൽ
Saturday, February 15, 2025 9:26 AM IST
കോഴിക്കോട്: ആദിവാസി യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലനാണ് മരിച്ചത്.
താമരശേരിക്ക് സമീപം ചമൽ കാരപ്പറ്റ-വള്ളുവോർക്കുന്ന് റോഡിരികിലാണ് രാവിലെ 6.45 ഓടെ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. കാരപ്പറ്റ മാളശേരി ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഗോപാലൻ. ക്ഷേത്രത്തിൽ തുടികൊട്ടിയിരുന്നതായും നാട്ടുകാർ പറഞ്ഞു.
താമരശേരി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റും.