റാഗിംഗ് ക്രൂരത: തെളിവ് ശേഖരണം പൂർത്തിയായി; മാരകായുധങ്ങൾ കണ്ടെടുത്തു
Saturday, February 15, 2025 8:31 AM IST
കോട്ടയം: നഴ്സിംഗ് കോളജിലെ റാഗിംഗിൽ തെളിവ് ശേഖരണം പൂർത്തിയായി. കോളജിലും ഹോസ്റ്റലിലും പോലീസ് പരിശോധന നടത്തി.
പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ പോലീസ് കണ്ടെത്തി. കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയവയിൽ ഉണ്ട്.
അതിനിടെ റാഗിംഗിന് ഇരയായ നാല് വിദ്യാർഥികൾ കൂടി പരാതി നൽകി. ഇരയാക്കപ്പെട്ട ആറ് വിദ്യാർഥികളിൽ ഒരാൾ മാത്രമായിരുന്നു നേരത്തെ പരാതി നൽകിയത്.
സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതാണ് റാഗിംഗിന് കാരമായതെന്ന് ജൂനിയർ വിദ്യാർഥികൾ മൊഴി നൽകി.
സംഭവത്തിന് പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങൾ ഡിസംബർ 13ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
മൂന്നാം വർഷ വിദ്യാർഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.