താരങ്ങൾ ഉയർന്ന പ്രതിഫലം വാങ്ങുന്നതാണ് പ്രശ്നമെന്നത് വസ്തുതാവിരുദ്ധം: സുരേഷ് കുമാറിനെതിരെ അമ്മ സംഘടന
Friday, February 14, 2025 8:47 PM IST
കൊച്ചി: താരങ്ങൾ ഉയർന്ന പ്രതിഫലം വാങ്ങുന്നതാണ് മലയാളസിനിമയുടെ പ്രതിസന്ധിയെന്ന് പറഞ്ഞ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ അഭിനേതാക്കളുടെ സംഘടനയായ അമ്മ രംഗത്ത്. സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി പുറത്തുവിട്ട കത്തിലാണ് സുരേഷ്കുമാറിനെതിരെ വിമർശനം ഉന്നയിച്ചത്.
താരങ്ങൾ ഉയർന്ന പ്രതിഫലം വാങ്ങുന്നതാണ് പ്രശ്നമെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്നും അമ്മയുടെ അംഗങ്ങൾ നിർമാതാക്കൾ ആകരുത് എന്നു പറയുന്നത് ശരിയല്ലെന്നും സംഘടന വ്യക്തമാക്കി. അമ്മ നാഥനില്ല കളരിയാണെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണെന്നും അമ്മ കൂട്ടിച്ചേർത്തു.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളാണെന്നും പ്രസ് മീറ്റിൽ സുരേഷ് കുമാർ തുറന്നു പറഞ്ഞിരുന്നു. യുവതാരങ്ങളുടെ അമിതമായ പ്രതിഫലം കാരണം മലയാള സിനിമകൾ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നുവെന്നും കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.