ടി.പി. ശ്രീനിവാസൻ കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചു; അതിനാൽ തല്ലിയതിൽ മാപ്പ് പറയേണ്ടതില്ലെന്ന് ആർഷോ
Friday, February 14, 2025 4:55 PM IST
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിനിടെ ടി.പി. ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി കരുതുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. അന്ന് എസ്എഫ്ഐ സംഘടനാപരമായി തീരുമാനിച്ച് ശ്രീനിവാസനെ തല്ലിയതല്ലെന്നും ആർഷോ പറഞ്ഞു.
അവിടെ സമാധാനപരമായി സമരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ശ്രീനിവാസനെ വിദ്യാർഥികൾ സുരക്ഷിതമായി കൊണ്ടുപോയിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നാവിൽനിന്ന് വന്ന വാക്കുകൾ എന്താണെന്ന് പരിശോധിക്കണം.
ശ്രീനിവാസന്റെയോ അന്നത്തെ യുഡിഎഫ് സർക്കാരിന്റെയോ നിലപാടിനെതിരെയോ ഉള്ള പ്രതികരണമല്ല അവിടെ നടന്നത്. അവിടെയുണ്ടായിരുന്ന ഒരു വിദ്യാർഥിയെ ശ്രീനിവാസൻ കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചു.
ആ തെറി കേട്ട വിദ്യാർഥി പ്രതികരണം നടത്തി എന്നതിനപ്പുറം ഒരു രാഷ്ട്രീയ നിലപാടിനെതിരേയുള്ള സമരരൂപം ആയിരുന്നില്ല അത്. അതിനാൽ അതിൽ മാപ്പ് പറയേണ്ടതില്ലെന്നും ആർഷോ വ്യക്തമാക്കി.