വയനാട് പുനരധിവാസം; കേന്ദ്രം കാണിച്ചത് ജന്മിയുടെ സ്വഭാവമെന്ന് ടി.സിദ്ദിഖ്
Friday, February 14, 2025 3:19 PM IST
കൽപ്പറ്റ: പണം തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരേ ടി.സിദ്ദിഖ് എംഎൽഎ. ഇത്രയും പണം തിരിച്ചടയ്ക്കണം എന്ന് ദുരന്തത്തിൽ അകപ്പെട്ട ഒരു സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് കേന്ദ്ര സർക്കാരിന് ചേർന്ന സമീപനമല്ലെന്ന് എംഎൽഎ പറഞ്ഞു.
കേന്ദ്രം കാണിച്ചത് ജന്മിയുടെ സ്വഭാവമാണ്. കേന്ദ്ര സമീപനം ഫെഡറലിസത്തിന് നിരക്കാത്തതാണ്. ഇത് വരെ കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ നിലപാടാണ്.
ഉപാധി ഇല്ലാത്ത പണം അനുവദിക്കുമെന്നാണ് കരുതിയത്. കേരളം ഒറ്റക്കെട്ടായി ഈ സമീപനം മാറ്റുന്നതിനായി നിലപാട് സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു