പ്രണയദിനത്തിൽ കൊടുംക്രൂരത; വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം
Friday, February 14, 2025 2:48 PM IST
അമരാവതി: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് പ്രണയ ദിനത്തിൽ ക്രൂരത നടന്നത്.
ഗൗതമി(23)യാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്ന ഗണേഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം കാദിരി റോഡിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു ഗൗതമി.
ഏപ്രിൽ 29ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയാറെടുപ്പിലായിരുന്നു ഗൗതമി.
എന്നാൽ ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്തു. ഗൗതമിയെ ഗണേഷ് നിരന്തരം പിന്തുടർന്നു.
ഗണഷിന്റെ പ്രണയം ഗൗതമി ആദ്യമേ തന്നെ നിരസിച്ചിരുന്നു. ഇത് ഗണേഷിനെ പ്രകോപിപ്പിച്ചു. പ്രണയ ദിനത്തിലും ഗണേഷ് വീണ്ടും തന്റെ പ്രണയം ഗൗതമിയെ അറിയിച്ചു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ഗൗതമി പ്രണയാഭ്യർഥന വീണ്ടും നിരസിച്ചു.
തുടർന്ന് ഗൗതമിയെ കൊല്ലാൻ പ്രതി വ്യക്തമായ പദ്ധതി തയാറാക്കി. ഇതനുസരിച്ച് ഗൗതമിയുടെ മാതാപിതാക്കൾ പാൽ വാങ്ങാൻ പോയ സമയം നോക്കി പ്രതി ഗൗതമിയുടെ വീട്ടിലെത്തി.
ഗൗതമിയെ കണ്ടുടൻ തന്നെ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഗൗതമി നിലവിൽ ചികിത്സയിലാണ്.