യൂട്യൂബർ മണവാളന്റെ മുടിമുറിച്ച സംഭവം; അച്ചടക്കത്തിന്റെ ഭാഗമെന്ന് ജയിൽ സൂപ്രണ്ട്
Friday, January 24, 2025 5:02 PM IST
തൃശൂർ: യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷെഹീൻ ഷായുടെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാഗമായിട്ടെന്ന് വിയൂർ ജില്ല ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. മുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യാതൊരു ബുദ്ധിമുട്ടും പറയാതെ അനുസരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഡ്രഗ് അഡിക്ഷന്റെ പ്രശ്നങ്ങൾ മണവാളൻ പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയത് സെല്ലിലുള്ള മറ്റ് തടവുകാർ പരാതിയായി പറയുകയും ചെയ്തിരുന്നു.
സെല്ലിൽ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഒരാളെ മാത്രം മുടി വളർത്തി സെല്ലിൽ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു ഇവരുടെ പരാതി.
മുടി മുറിച്ചതിനെ തുടർന്ന് അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് യൂട്യൂബർ മണവാളൻ അറസ്റ്റിലായത്.
മദ്യ ലഹരിയില്‍ കേരള വര്‍മ കോളജ് വിദ്യാര്‍ഥികളെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചതായാണ് കേസ്. 10 മാസമായി ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ കുടകിൽനിന്ന് പിടികൂടിയത്.