"ഒരു ബോംബ് കഥ'; വിദേശി കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി
Friday, January 24, 2025 11:07 AM IST
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ തമാശയായി ബോംബ് എന്നു പറഞ്ഞ സ്ലൊവാക്യ പൗരൻ കുടുങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്കു എയർ ഇന്ത്യയുടെ കൊച്ചി- ഡൽഹി വിമാനത്തിൽ പോകാനെത്തിയ റെപൻ മാറെക് ആണ് പിടിയിലായത്.
ചെക്ക് ഇൻ ചെയ്യുന്നതിനിടെ കൈയിലുണ്ടായിരുന്ന പവർ ബാങ്ക് കൗണ്ടറിൽ വച്ചു. അതെന്താണെന്നു ചോദിച്ച എയർ ഇന്ത്യ ജീവനക്കാരനോടു തമാശയായി അതു ബോംബാണെന്നു പറയുകയായിരുന്നു.
ജീവനക്കാർ ഇക്കാര്യം സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പിന്നാലെ ഇയാളെ പിടികൂടി ബാഗും മറ്റും വിശദമായി പരിശോധിച്ചു പോലീസിനു കൈമാറി.
വിമാനത്താവളത്തിലെ ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി ക്രമപ്രകാരം യോഗം ചേർന്നാണു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. റെപൻ മാറെകിനെ പിന്നീടു ജാമ്യത്തിൽ വിട്ടു.