തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ
Friday, January 24, 2025 4:48 PM IST
തൃശൂർ: പെരിഞ്ഞനത്ത് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് കണ്ണപാറ പരുവശേരി സ്വദേശിയായ സന്തോഷ് ( 45) ആണ് പിടിയിലായത്.
വ്യാഴാഴ്ച്ച പെരിഞ്ഞനം വെസ്റ്റ് ഓണപ്പറമ്പിനടുത്താണ് സംഭവം. വീടുകളിൽ ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന സെയിൽസ് ഗേളിനെയാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചത്. ചെന്ത്രാപ്പിന്നിയിൽ താമസിക്കുന്ന തിരൂർ സ്വദേശിയായ യുവതിയാണ് അക്രമത്തിനിരയായത്.
വീടുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ വ്യാഴാഴ്ച്ച പെരിഞ്ഞനം ദുർഗ്ഗാനഗറിൽ വെച്ചാണ് സന്തോഷ് ഓട്ടോറിക്ഷയിൽ ബലം പ്രയോഗിച്ച് തട്ടി കൊണ്ടു പോകാൻ ശ്രമിച്ചത്.
പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അപകടം മനസ്സിലാക്കിയ യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കയ്പമംഗലം പോലീസ് ആണ് അന്വേഷണത്തിനൊടുവിൽ സന്തോഷിനെ പിടികൂടിയത്.