വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല: സതീശന്
Friday, January 24, 2025 3:48 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം ഭീകരമാണെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മലയോരത്തുള്ള മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്ന് സതീശൻ വിമർശിച്ചു.
വന്യജീവികള്‍ ജനവാസമേഖലയില്‍ ഇറങ്ങാതിരിക്കാന്‍ പരമ്പരാഗതമായി ചെയ്യുന്ന പ്രതിരോധ സംവിധാനങ്ങളൊന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ ചെയ്യുന്നില്ല. മതിൽ, കിടങ്ങ്, സൗരോർജ വേലി തുടങ്ങിവയൊന്നും നിർമിക്കുന്നില്ല. ഇക്കാര്യം താന്‍ വ്യാഴാഴ്ച നിയമസഭയില്‍ വ്യക്തമാക്കിയതാണെന്നും സതീശൻ പറഞ്ഞു.
മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചായിരുന്നു ആക്രമണം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് ഇവര്‍.