കുങ്കിയാനകളെത്തി; കിണറ്റിൽനിന്നു കരകയറ്റിയ കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തും
Friday, January 24, 2025 12:15 PM IST
മലപ്പുറം: ഊർങ്ങാട്ടിരിയിൽ കിണറ്റിൽനിന്നു കരകയറ്റിയ കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തും. ഇതിനായി വയനാട്ടിൽ നിന്ന് സുരേന്ദ്രൻ, വിക്രം എന്നീ കുങ്കിയാനകളെത്തി.
ആന വനാതിർത്തി ഭാഗത്തോ കൃഷിയിടത്തിലോ നിൽക്കുന്നുണ്ടെങ്കിൽ വനത്തിനുള്ളിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ആന വീണ്ടും തിരിച്ചെത്തി കൃഷിയിടം നശിപ്പിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
20 മണിക്കൂറോളം കിണറ്റിൽ കുടുങ്ങിയശേഷമാണ് കിണറിന്റെ ഒരു ഭാഗം പൊളിച്ച് ആനയെ കരയ്ക്കെത്തിച്ചത്. ആനയുടെ ആരോഗ്യനില മോശമാണെന്ന് ഡിഎഫ്ഒ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് ഊർങ്ങാട്ടിരിയിലെ കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിൽ ആന വീണത്. കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന ഉറപ്പിൻമേലാണ് പ്രതിഷേധം അവസാനിപ്പിച്ച് കിണറിന്റെ ഒരു ഭാഗം പൊളിക്കാൻ നാട്ടുകാർ സമ്മതിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.