ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിനെ ഇന്നു വീണ്ടും കോടതിയിൽ ഹാജരാക്കും
Friday, January 24, 2025 9:02 AM IST
പറവൂര്‍: ചേന്ദമംഗലം പേരേപ്പാടത്ത് വീട്ടില്‍കയറി ഗൃഹനാഥന് ഉള്‍പ്പെടെ മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ പ്രതിയെ പറവൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പോലീസിന് നല്‍കിയത്. മൂന്നുദിവസം വിശദമായ ചോദ്യംചെയ്യലും തിരിച്ചറിയലും നടന്നു. തുടർന്ന് വ്യാഴാഴ്ച ഋതുവിനെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
17ന് ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോൾ ജനരോഷമുയർന്നത് പരിഗണിച്ച് അതിരാവിലെയാണ് തെളിവെടുപ്പിന് നടത്തിയത്. പ്രതിയെ കൊണ്ടുവന്നതറിഞ്ഞ് കുറച്ചുപേര്‍ എത്തിയെങ്കിലും മറ്റു അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. 15 മിനിറ്റിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് മടങ്ങി.
കൊലയ്ക്ക് ഉപയോഗിച്ച മോട്ടോര്‍ ബൈക്കിന്റെ ഷോക് അബ്സോര്‍ബര്‍ ദണ്ഡ് സംഭവ ദിവസം തന്നെ പോലീസ് കണ്ടെടുത്തിരുന്നു. കൊല നടന്ന വീട്ടിലെത്തിയ പ്രതി കൊലപാതകം നടത്തിയ രീതി പോലീസിനോട് വിവരിച്ചു.
16ന് വൈകിട്ട് ആറോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പേരേപ്പാടത്ത് കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിലായ വിനീഷയുടെ ഭര്‍ത്താവ് ജിതിന് ബോസ് ചേരാനല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതിന് ബോസ് അപകടനില ഇനിയും തരണം ചെയ്തിട്ടില്ല.