കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വാക്ക്പോര്; ചുമതല ഒഴിയുമെന്ന് ദീപാദാസ്
Sunday, January 19, 2025 11:37 PM IST
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നേതാക്കൾ വളഞ്ഞിട്ട് ആക്രമിച്ചു. ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ സതീശൻ ആരെന്ന് എ.പി.അനിൽകുമാർ ചോദിച്ചു.
പ്രതിപക്ഷ നേതാവിന്റെ വസതി കോൺഗ്രസുകാർക്ക് അഭയകേന്ദ്രമല്ലാതായി. നേരത്തെ ഇങ്ങനെ അല്ലായിരുന്നു എന്നായിരുന്നു ശൂരനാട് രാജശേഖരന്റെ വിമർശനം. കെ.സി.വേണുഗോപാൽ ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചത്.
തമ്മിലടി തുടർന്നാൽ ചുമതല ഒഴിയുമെന്ന് ദീപദാസ് മുൻഷിയും മുന്നറിയിപ്പ് നൽകി. അതേസമയം പി.വി.അൻവറിനെ എടുത്തുചാടി മുന്നണിയിലെടുക്കേണ്ടെന്നും യോഗത്തിൽ തീരുമാനിച്ചു.
മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കാൻ വയ്യന്ന് നേതാക്കള്‍ യോഗത്തിൽ വിമര്‍ശനം ഉന്നയിച്ചു. നേതാക്കൾക്കിടയിലെ ഭിന്നിപ്പിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വലിയ വിമര്‍ശനം ആണ് ഉയര്‍ന്നത്.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിൽ ഐക്യം ഉണ്ടായെ മതിയാകുവെന്നും ഐക്യം വ്യക്തമാക്കാൻ സംയുക്ത വാർത്താ സമ്മേളനം വിളിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു.
ഇങ്ങനെ പോയാൽ മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടി വരും എന്ന് വിമർശനം ഉയർന്നു. പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങൾ പാർട്ടിയിൽ ഇല്ലെന്ന് കെ.സി.വേണുഗോപാൽ യോഗത്തിൽ പറഞ്ഞു.