സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയിൽ
Sunday, January 19, 2025 6:03 AM IST
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പോലീസ്. റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായത്.
ഇയാൾ കുറ്റം സമ്മതിച്ചതായും താനെയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നും പോലീസ് വ്യക്തമാക്കി. വെയ്റ്ററായും കെട്ടിട നിർമാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്. ഇന്ന് രാവിലെ ഒമ്പതിന് മുംബൈ പോലീസ് വാർത്താ സമ്മേളനം നടത്തും.
ബാന്ദ്രയിലെ സത്ഗുരു ശരൺ ബിൽഡിംഗിലെ പന്ത്രണ്ടാം നിലയിലുള്ള താമസസ്ഥലത്തുവച്ച് വ്യാഴാഴ്ച പുലർച്ചെയാണ് നടന് കുത്തേറ്റത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ സെയ്ഫിനെ കഴിഞ്ഞദിവസം തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പ്രത്യേകവാർഡിലേക്ക് മാറ്റിയിരുന്നു.