ബോചെ പറഞ്ഞതിൽ കാര്യമില്ല; പണമില്ലാത്ത പ്രതികളുടെ ജയില്‍ മോചനത്തിന് കേന്ദ്രപദ്ധതിയുണ്ട്
Saturday, January 18, 2025 11:36 PM IST
കൊച്ചി: നിശ്ചിത തുകയുടെ ജാമ്യം നില്ക്കാന് ആളെ കിട്ടാതെയും പിഴയടക്കാന്‍ പണമില്ലാതെയും കാക്കാനാട് ജില്ലാ ജയിലില്‍ തുടരുന്ന 26 ഓളം പേര് തന്നെ കണ്ടെന്നും അവരുടെ പ്രശ്നം പരിഹരിക്കാനാണ് ഒരു ദിവസം കൂടി ജയിലില്‍ തങ്ങിയതെന്നും കഴിഞ്ഞ ദിവസം ജയില്‍ മോചിതനായ വ്യവസായി ബോബി ചെമ്മണൂർ പറഞ്ഞിരുന്നു. ബോബി പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും വാസ്തവമുണ്ടോ?. ഒരു വാസ്തവവുമില്ലെന്നതാണ് സത്യം. കാരണം ജയില്‍ മോചനത്തിനായി പണമില്ലാത്ത തടവുകാരെ മോചിപ്പിക്കാനായി കേന്ദ്ര പദ്ധതി നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നിലവില്‍ വന്നത്.
പദ്ധതിയുടെ മാനദണ്ഡപ്രകാരം കേരളത്തിലെ എല്ലാ ജയിലുകളിലേയും കണക്കെടുത്താല്‍ പോലും ബോബി പറഞ്ഞത്ര പ്രതികള്‍ വരില്ല. മറ്റ് പല സംസ്ഥാനങ്ങളിലെയും ജയിലുകളില്‍ വര്‍ഷങ്ങളായി വിചാരണ തടവുകാരായി തുടരുന്ന നിരവധിപേരുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ഒടുവിലത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് കാസര്‍ഗോഡുകാരനായ ഒരു പ്രതി മാത്രമാണ് പുറത്തിറങ്ങാന്‍ അര്ഹനായുള്ളത്.
പദ്ധതി പ്രകാരം ലീഗല്‍ സര്‍വീസ് അതോറിറ്റികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ രൂപീകരിച്ച എംപവേര്‍ഡ് കമ്മറ്റിയാണ് പണമില്ലാത്ത പ്രതികളുടെ ജയില്‍ മോചനത്തിന് വഴിയൊരുക്കുന്നത്. ജില്ലാ കളക്ടറാണ് കമ്മറ്റി ചെയര്മാന്. ജില്ലാ പോലീസ് മേധാവി, ജയില്‍ സൂപ്രണ്ട്, ജയിലിന്റെ ചുമതലയുള്ള ജഡ്ജി, ഡിഎല്‍എസ്എ സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. സംസ്ഥാന തലത്തിലുളള കമ്മറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
ജാമ്യം ലഭിച്ച് ഏഴ് ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത വിചാരണ തടവുകാരുടെ വിവരം ജയില്‍ അധികൃതര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിക്കണം. പ്രതിയുടെ സാമ്പത്തിക പശ്ചാത്തലം കൃത്യമായി അന്വേഷിച്ച് ലീഗല്‍ സര്‍വീസ് അതോറിറ്റി എംപവേര്‍ഡ് കമ്മറ്റിക്ക് മുന്നില്‍ വയ്ക്കും. അതിനൊപ്പം കോടതില്‍ നിന്ന് ജാമ്യവ്യവസ്ഥ പുതുക്കി തുക കുറച്ചുകൊണ്ടുവരണം. 40,000 രൂപവരെയെങ്കില്‍ അത് കമ്മറ്റി അടയ്ക്കും. അതിന് മുകളിലാണെങ്കില്‍ സംസ്ഥാനതലത്തില്‍ രൂപീകരിച്ച എംപവേര്‍ഡ് കമ്മറ്റിയുടെ അനുമതി വേണം.
യുഎപിഎ, പോക്സോ, ലഹരി ഇടപാട്, അഴിമതി നിരോധന നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, തുടങ്ങിയവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല, ഒരു തവണമാത്രമാണ് ആനുകൂല്യം ലഭിക്കുക. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല. ദാരിദ്ര്യരേഖയ്ക്ക താഴെയുള്ളവര്‍ക്ക് മാത്രമാണ് അവസരം.
കോടതി ശിക്ഷിച്ച് പിഴത്തുകയടക്കാന് സാധിക്കാതെ ജയിലില്‍ കഴിയുന്നവര്‍ക്കും പദ്ധതി വഴി സഹായം ലഭിക്കും. ഇത്തരം തടവുകാരുടെ വിവരം ഏഴ് ദിവസത്തിനുള്ളില്‍ ജയില്‍ സൂപ്രണ്ട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിക്കണം. 25,000 രൂപവരെയുള്ള പിഴത്തുക അന്തിമ തീരുമാനത്തിനൊടവില് കമ്മറ്റി അടയ്ക്കും. അതിന് മുകളിലാണെങ്കില്‍ സംസ്ഥാനതലത്തില്‍ രൂപീകരിച്ച കമ്മറ്റിയുടെ അനുമതി ഇവിടെയും വേണം.