ബൈക്കിന്റെ താക്കോൽ നൽകിയില്ല; അമ്മയെ മകൻ കുത്തി
Saturday, January 18, 2025 12:46 PM IST
പാലക്കാട്: ബൈക്കിന്റെ താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. ചേരാമംഗലം പള്ളിപ്പാടം വീട്ടിൽ രമയ്ക്കാണ് (45) മകൻ അശ്വിന്റെ (25) കുത്തേറ്റത്. പരിക്കേറ്റ രമയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനായി അശ്വിൻ അമ്മയോട് ബൈക്കിന്റെ താക്കോൽ ചോദിച്ചെങ്കിലും കൊടുക്കാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ അശ്വിൻ സഹോദരൻ അബിനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു.
ഇത് അമ്മ തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു രമയ്ക്ക് കുത്തേറ്റത്. രമയുടെ വലതുകൈയിൽ നാല് തവണയാണ് കുത്തിയത്. കാലിന് പരിക്കേറ്റ് കിടപ്പിലായ അച്ഛൻ പരമേശ്വരനും വീട്ടിലുണ്ടായിരുന്നു. സംഭവത്തിൽ ആലത്തൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.