ആ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെ; സ്വത്ത് തർക്കത്തിൽ മന്ത്രി ഗണേഷിന് ആശ്വാസം
Saturday, January 18, 2025 12:04 PM IST
കൊല്ലം: സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. പിതാവ് ആര്. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന ഉഷയുടെ വാദങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളി. വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വില്‍പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷ കൊട്ടാരക്കര മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. അവസാനകാലത്ത് ബാലകൃഷ്ണപിള്ളയുടെ ആരോഗ്യം വളരെ മോശമായിരുന്നു ആ സമയത്ത് ഗണേഷ് വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു ഉഷയുടെ വാദം. ഇതോടെ വില്‍പത്രത്തിലെ ഒപ്പുകള്‍ കോടതി ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗണേഷിനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുന്നതില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. കേരളാ കോണ്‍ഗ്രസ്- ബിയുടെ ഏക എംഎല്‍എ ആയ ഗണേഷിനെ സജീവമായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും കുടുംബത്തില്‍നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.