ബോബിക്ക് വിഐപി പരിഗണന; ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശിപാർശ
Saturday, January 18, 2025 11:08 AM IST
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണൂരിന് കാക്കനാട് ജില്ലാ ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശിപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശിപാർശ ചെയ്തത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരിക്കുക.
കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡിഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടു മണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു.
സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്തുവെന്നും ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.