വിജയ് ഹസാരെ ട്രോഫി: മഹാരാഷ്ട്രയെ തകർത്ത് വിദർഭ ഫൈനലിൽ
Thursday, January 16, 2025 9:50 PM IST
വഡോദര: വിജയ് ഹസാരെ ട്രോഫിയിൽ വിദർഭ ഫൈനലിൽ. സെമിഫൈനലിൽ മഹാരാഷ്ട്രയെ 69 റൺസിന് തകർത്തു. ചരിത്രത്തിലാദ്യമായിട്ടാണ് വിദർഭ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനലിലെത്തുന്നത്.
സെമിയിൽ വിദർഭ ഉയർത്തിയ 381 റൺസ് പിന്തുടർന്ന മഹാരാഷ്ട്രയ്ക്ക് 311 റൺസ് നേടാനെ സാധിച്ചുള്ളു. 90 റൺസെടുത്ത ഓപ്പണർ അർഷിൻ കുൽക്കർണിയാണ് മഹാരാഷ്ട്രയുടെ ടോപ് സ്കോറർ. അങ്കിത് ബാവ്നെ അർധസെഞ്ചുറിയും നിഖിൽ നായക് 49 റൺസും എടുത്തു. മൂവരും മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയിത്തിലെത്തിക്കാനായില്ല.
വിദർഭയ്ക്ക് വേണ്ടി ദർശൻ നാൽകൻഡെയും നചികേത് ബൂട്ടെയും മൂന്ന് വിക്കറ്റ് വീതം എടുത്തു. പർത് രേഖടെ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 380 റണ്‍സെടുത്തത്.സെഞ്ചുറിയുമായി തകര്‍ത്തടിച്ച ഓപ്പണര്‍മാരായ യാഷ് റാത്തോഡും ധ്രുവ് ഷോറെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ കരുണ്‍ നായരും ജിതേഷ് ശര്‍മയും ചേര്‍ന്നാണ് വിദര്‍ഭക്ക് കൂറ്റൻ സ്കോര്‍ സമ്മാനിച്ചത്.
101 പന്തില്‍ 116 റണ്‍സെടുത്ത ധ്രുവ് ഷോറെയാണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. യാഷ് റാത്തോഡ് 120 പന്തില്‍ 114 റണ്‍സെടുത്തപ്പോള്‍ നായകൻ കരുണ്‍ നായര്‍ 44 പന്തില്‍ 88 റൺസുമായി പുറത്താകാതെ നിന്നു. ജിതഷ് ശര്‍മ 33 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ ശുഭം ദുബെ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.
വിദര്‍ഭ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കര്‍ണാടകയെ നേരിടും. ആദ്യ സെമിയില്‍ ഹരിയാനയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കര്‍ണാടക ഫൈനലിലെത്തിയത്.