കാട്ടാന ആക്രമണത്തിൽ മരിച്ച സരോജിനിയുടെ മൃതദേഹം സംസ്കരിച്ചു
Thursday, January 16, 2025 5:53 PM IST
മലപ്പുറം: നിലമ്പൂർ മൂത്തേടത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സരോജിനിയുടെ മൃതദേഹം സംസ്കരിച്ചു. മൂത്തേടം ഉച്ചക്കുളത്തെ വീടിനോട് ചേർന്ന ഭാഗത്താണ് മൃതദേഹം സംസ്കരിച്ചത്.
ബുധനാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
ബുധനാഴ്ച രാവിലെയാണ് കാട്ടാന ആക്രമണത്തിൽ സരോജിനി കൊല്ലപ്പെടുന്നത്. ഉച്ചക്കുളം ഊരിനോടു ചേര്‍ന്ന വനത്തില്‍ ഭര്‍ത്താവിനും ഊരിലെ മറ്റ് മൂന്നു സത്രീകള്ക്കുമൊപ്പം ഇവർ കാലികളെ മേയ്ക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്.
ഊരില്‍നിന്നു നാനൂറു മീറ്റര്‍ അകലെ കാലികളെ മേയ്ക്കുന്നതിനിടെ പിറകിലൂടെയെത്തിയ മോഴ ആന സരോജിനിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അടക്കമുള്ളവര്‍ ആനയുടെ മുന്നില്‍നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവസ്ഥലത്തുനിന്ന് ആന മാറിയശേഷം ആളുകളെത്തി മൃതദേഹം ഊരിലെത്തിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥര്‍ സരോജിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആദിവാസികളും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു.
സരോജിനി മരിച്ചിട്ടില്ലെന്നു പറഞ്ഞാണ് വനം ജീവനക്കാര്‍ മൃതദേഹം കൊണ്ടുപോകാന്‍ ശ്രമിച്ചത്.