പാലക്കാട് ഡിസ്റ്റിലറി സ്ഥാപിക്കാനുള്ള നീക്കം വൻ അഴിമതി: ചെന്നിത്തല
Thursday, January 16, 2025 3:05 PM IST
കൊല്ലം: സര്‍ക്കാരിനെതിരേ പുതിയ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കൊമേഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് അനുമതി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് ചെന്നിത്തല ആരോപിച്ചു.
ടെണ്ടര്‍ ക്ഷണിച്ചിട്ടാണോ ഈ കമ്പനിയെ തെരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് വെളിപ്പെടുത്തണം. അതീവ വരള്‍ച്ചാസാധ്യതയുള്ള പാലക്കാട് പ്രതിവര്‍ഷം അഞ്ച് കോടി ലിറ്റര്‍ ഭൂഗര്‍ഭജലം ഉപയോഗിക്കേണ്ടിവരുന്ന പ്ലാന്റുകള്‍ സ്ഥാപിച്ച് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി കൊടുത്തത് എന്ത് പാരിസ്ഥിതിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ്.
കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള തിരുമാനത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ തവണ ബ്രുവറിക്ക് അനുമതി കൊടുത്തപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്തുതന്നെയാണ് ഇപ്പോഴും അനുമതി നല്‍കിയിരിക്കുന്നത്. പണ്ട് പ്ലാച്ചിമട കോള സമരത്തിന് പിന്തുണ നല്കിയ പാര്‍ട്ടിയാണ് ഇന്ന് വന്‍തോതില്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്യാനുള്ള ജനവിരുദ്ധ പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണിത്. ഈ തീരുമാനം സർക്കാർ പിൻവലിക്കണം. വിഷയം രഹസ്യമായി മന്ത്രിസഭാ യോഗത്തിലേക്ക് കൊണ്ടുവന്ന് അനുമതി കൊടുക്കുകയായിരുന്നു. ഇതിൽ എക്സൈസ് മന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.