ഗോപൻ സ്വാമിയുടെ മരണത്തിൽ രാസ പരിശോധനയ്ക്ക് ഫോറൻസിക് സംഘം
Thursday, January 16, 2025 3:00 PM IST
തിരുവനന്തപുരം: ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് മതാചാരപ്രകാരം വീട്ടുവളപ്പിൽ സംസ്കരിക്കും.
മരണ കാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് സംഘം അറിയിച്ചു. ശ്വാസ കോശത്തിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധന ഫലം വരണം. അതിന് ശേഷമേ മരണകാരണത്തിൽ നിഗമനത്തിലെത്താൻ കഴിയൂവെന്നും ഫോറൻസിക് സംഘം വ്യക്തമാക്കി.
ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാൻ കഴിയൂവെന്ന് ഡോക്ടർമാർ പോലീസിനെ അറിയിച്ചു.
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. കല്ലറയിൽ ഇരിക്കുന്ന തരത്തിൽ മൃതദേഹം കണ്ടെത്തിയെന്നും ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് ലഭിച്ചെന്നും പോലീസ് പറഞ്ഞു.
വീട്ടുകാർ മൊഴി നൽകിയതു പോലെ തന്നെയാണ് മൃതദേഹം ഇരിക്കുന്നതെന്നു പോലീസ് പറഞ്ഞു. കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. ഹൃദയ ഭാഗം വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.