തിരയാൻ പോയ ഡ്രോൺ വെറുംകൈയോടെ വന്നു; അമരക്കുനിയിലെ കടുവ കാണാമറയത്ത്
Thursday, January 16, 2025 2:48 PM IST
പുൽപ്പള്ളി: അമരക്കുനിയിലും പരിസരപ്രദേശങ്ങളിലും ഭീതിവിതച്ച കടുവ കാണാമറയത്ത് തന്നെ. ബുധനാഴ്ച രാത്രിയിൽ തെർമൽ ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
മാങ്ങാപ്പാടി, തൂപ്ര, അമരക്കുനി, ഊട്ടിക്കവല എന്നീ ഭാഗത്തായി നാലു കൂടുകൾ സ്ഥാപിച്ചിരുന്നു. അമരക്കുനി ഭാഗത്തു കടുവയെ കണ്ടെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ രാത്രി ആടിനെ പിടിക്കാനും കടുവ എത്തിയില്ല. ഇതോടെ കടുവ തിരികെ മടങ്ങിയെന്ന സംശയത്തിലാണ് വനംവകുപ്പ്.
അതേസമയം, വനപാലകരുടെ കൺമുന്നിൽ കണ്ടുകിട്ടിയിട്ടും കടുവയെ മയക്കുവെടിവയ്ക്കാനായില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. കടുവ ബുധനാഴ്ച പുലർച്ചെ തൂപ്ര പെരുമ്പറമ്പിൽ ചന്ദ്രന്റെ ആടിനെ പിടികൂടിയ ശേഷം രണ്ടുതവണ വീണ്ടും വീട്ടുമുറ്റത്തെത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന വനപാലകസംഘത്തിന് മയക്കുവെടിയുതിർക്കാനായില്ല. ഇതിനു പിന്നാലെ പ്രദേശവാസികൾ പ്രതിഷേധം അറിയിക്കുകയും ചെയ്തു.