"സ്വപ്ന പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ്': ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Thursday, January 16, 2025 12:50 PM IST
ന്യൂഡൽഹി: ബഹിരാകാശത്തുവച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിംഗ് വിജയകരമായി നടപ്പാക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെ പരീക്ഷണ വിജയത്തില്‍ ഐഎസ്ആർഒയ്ക്ക് അഭിനന്ദനപ്രവാഹം. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരടക്കം നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനമർപ്പിച്ച് എത്തുന്നത്.
ഇതിനിടെ, സ്പേഡെക്സ് ഡോക്കിംഗ് വിജയത്തില്‍ ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞർക്കും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടത്തിലെത്തിയ ഇസ്രോ, വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് പിന്നിട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
നാലാമത്തെ പരിശ്രമത്തിലാണ് ഇസ്രോ ഇന്ന് ചരിത്ര നേട്ടം കൈവരിച്ചത്. സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറുമാണ് കൂടിച്ചേർന്നത്. ഇതില്‍നിന്നുള്ള ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇസ്രോ.
ഡിസംബർ 30ന് ആണ് ഭൂമിയിൽനിന്ന് പിഎസ്എൽവി റോക്കറ്റിൽ രണ്ട് ഉപഗ്രഹങ്ങളുടെ യാത്ര തുടങ്ങിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ അഥവാ എസ്ഡിഎക്സ്-01, ടാർഗറ്റ് അഥവാ എസ്ഡിഎക്സ്-02 എന്നീ ഉപഗ്രഹങ്ങളാണ് അയച്ചത്.
സ്പേസ് ഡോക്കിംഗ് സാധ്യമായതോടെ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന് അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രോയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിംഗ്. ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ–4 എന്നീ പദ്ധതികൾക്കും മുതൽക്കൂട്ടാകും.