തമിഴ്നാട് മുൻ മന്ത്രിയുടെ 100.92 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
Thursday, January 16, 2025 12:40 PM IST
ചെന്നൈ: തമിഴ്നാട് മുൻ മന്ത്രിയും എഐഎഡിഎംകെ വിമത വിഭാഗം നേതാവുമായ ആർ. വൈത്തിലിംഗത്തിന്റെ 100.92 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
2011-2016ലെ എഐഎഡിഎംകെ സർക്കാരിൽ ഭവന, നഗര വികസന മന്ത്രിയായിരുന്ന വൈത്തിലിംഗത്തിനെതിരേ ശ്രീറാം പ്രോപ്പർട്ടീസ് എന്ന കമ്പനിയുടെ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് അനുമതി നൽകുന്നതിന് 27.9 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിൽ വിജിലൻസ് നേരത്തെ കേസെടുത്തിരുന്നു.
ഇതേത്തുടർന്ന് ഇഡി നടത്തിയ പരിശോധനയിൽ കൈക്കൂലിപ്പണം കടലാസ് കമ്പനികളിൽ നിക്ഷേപിച്ചതായി കണ്ടെത്തി. പിന്നീട് എഐഎഡിഎംകെയിൽനിന്നു പുറത്തായ വൈത്തിലിംഗം ഇപ്പോൾ മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം പക്ഷത്താണ്.