നടൻ സെയ്ഫ് അലി ഖാനു നേരെ മോഷ്ടാവിന്റെ ആക്രമണം; ആറുതവണ കുത്തേറ്റു, രണ്ടു പരിക്ക് ഗുരുതരം
Thursday, January 16, 2025 8:58 AM IST
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വീട്ടിനുള്ളിൽ വച്ച് മോഷ്ടാവിന്റെ കുത്തേറ്റു. ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ ബാന്ദ്രയിലെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് താരത്തെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെയ്ഫ് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കവർച്ച നടക്കുന്നതിനിടെ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. അതേസമയം, വീട്ടിലുണ്ടായത് കവർച്ചാ ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് പറയുന്നു. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.