ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി
Saturday, January 4, 2025 4:26 PM IST
ന്യൂഡൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി. 29 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ന്യൂഡൽഹി മണ്ഡലത്തിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കേജരിവാളിനെതിരെ മുതിർന്ന നേതാവ് പർവേഷ് വർമ മത്സരിക്കും. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് ആണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി.
മുതിർന്ന നേതാവ് രമേഷ് ബിധുരി കൽക്കാജി മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി അതിഷിയാണ് മണ്ഡലത്തിലെ ആംആദ്മി പാർട്ടിയുടെ സ്ഥാനാർഥി. അൽക ലാംപയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി.
പ്രധാന നേതാക്കളായ ദുഷ്യന്ത് ഗൗതം കരോൾ ബാഗിലും മൻജിന്ദർ സിംഗ് സിർസ രജോരി ഗാർഡനിലും കൈലാഷ് ഗെലോട്ട് ബിജ്വാസനിലും മത്സരിക്കും.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൂന്ന് പാർട്ടികളും പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഫെബ്രുവരിയിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് രാഷ്ട്രീയ ലോകം പ്രതീക്ഷിക്കുന്നത്.