അതിജീവനത്തിന്റെ നേർക്കാഴ്ചയാണ് കലോത്സവം: മുഖ്യമന്ത്രി
Saturday, January 4, 2025 12:41 PM IST
തിരുവനന്തപുരം: അതിജീവനത്തിന്റെ നേർക്കാഴ്ച കൂടിയാണ് സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തബാധിത പ്രദേശത്തെ കുട്ടികളുടെ സംഘനൃത്തം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവിത ദുരന്തങ്ങളെ അതിജീവിച്ച് സ്വപ്നങ്ങൾ സൂക്ഷിക്കുന്നവരാണ് മനുഷ്യർ. ആഗ്രഹങ്ങളുടെ സർഗാത്മകത പ്രകടമാകുന്ന വേദികളാണ് കലോത്സവ വേദികൾ. മനുഷ്യൻ ഇതുവരെ ആർജിച്ച മായികലോകം കലോത്സവവേദികളിൽ കാണാൻ കഴിയും.
കൗമാര പ്രതീക്ഷകൾക്ക് മികവ് തെളിയിക്കുന്ന രീതി ലോകത്തിൽ കേരളത്തിൽ അല്ലാതെ മറ്റൊരിടത്തുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്യം നിന്നു പോകുന്ന നാടൻകലകളും അനുഷ്ഠാനകലകൾക്കും പുതുജീവൻ നൽകാൻ കലോത്സവങ്ങൾക്ക് സാധിക്കും. നാട്ടിൻപുറങ്ങളിൽ ഉൾപ്പെടെയുള്ള കലാരംഗത്തെ ഗുരുനാഥൻമാരു ടെ അനുഗ്രഹവും ആശീർവാദവും ഏറ്റുവാങ്ങി കലാമത്സരങ്ങളിൽ കുട്ടികൾ വിജയിക്കുമ്പോൾ ഗുരുനാഥൻ മാരും ആദരിക്കപ്പെടുകയാണ്.
കലോത്സവ വേദികളെ തർക്കങ്ങൾക്കും കിടമത്സരങ്ങൾക്കുമുള്ള വേദിയാക്കരുത്. മനുഷ്യർ തമ്മിലുള്ള പര സ്പര സ്നേഹവും സൗഹാർദ്ദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള വേദിയായി കലോത്സവത്തെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ അതിജീവിക്കാനുള്ള മനോബലം കലാരംഗത്ത് നിൽക്കുന്നവർ ആർജിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനുശേഷം വിവിധ വേദികളിൽ മത്സരങ്ങൾക്കു തുടക്കമായി.