കൊല്ലത്ത് പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നുവീണ് വിദ്യാർഥി മരിച്ചു
Saturday, December 28, 2024 12:18 AM IST
കൊല്ലം: പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നുവീണ് വിദ്യാർഥി മരിച്ചു. ചാത്തിനാംകുളം പുത്തന്‍കുളങ്ങര സ്വദേശി അനന്ദു ( 16 ) ആണ് മരിച്ചത്. ചാത്തിനാംകുളത്തെ കശുവണ്ടി ഫാക്ടറിയിലാണ് അപകടമുണ്ടായത്.
അനന്തുവും പ്രായപൂർത്തിയാകാത്ത മറ്റ് അഞ്ച് പേരും കശുവണ്ടി ഫാക്ടറിയിൽ എത്തിയ സമയത്താണ് അപകടം നടന്നത്. ചിമ്മിണി തകർന്നുവീണ് അനന്ദു അവശിഷ്ടങ്ങൾക്ക് അടിയിൽ പെട്ടു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അനന്ദുവിനെ പുറത്തെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല.
തുടർന്ന് നാട്ടുകാരെയും പോലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിച്ചു. ഇവരെത്തിയാണ് അനന്ദുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും അനന്ദു മരിച്ചിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും നിയമ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് കുട്ടികൾ അവിടെയെത്തിയതെന്നോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.