സുസുകി മോട്ടോര്‍സ് മുന്‍ ചെയര്മാന് ഒസാമു സുസുകി അന്തരിച്ചു
Friday, December 27, 2024 8:03 PM IST
ടോക്കിയോ: സുസുക്കി മോട്ടോർ കോർപ്പറേഷൻ മുൻ ചെയർമാൻ ഒസാമു സുസുക്കി (94) അന്തരിച്ചു. അർബുദ രോഗബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ 25ന് മരണം സംഭവിച്ചെന്ന് കുടുംബം അറിയിച്ചു.
40 വർഷത്തിലേറെ സുസുക്കി കമ്പനിയെ നയിച്ചത് ഒസാമ സുസുക്കിയായിരുന്നു. 2021 ൽ 91-ാം വയസിലാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. 1958 ലാണ് ഒസാമു സുസുക്കിയിൽ ചേരുന്നത്. 1978ൽ കമ്പനിയുടെ പ്രസിഡന്റായി.
28 വർഷം കമ്പനിയുടെ പ്രസിഡന്റായി തുടർന്ന അദ്ദേഹം 2000 സുസുക്കി ചെയർമാനായി ചുമതലയേറ്റു. ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയുടെ പിറവിയുടെ സാക്ഷിയാകാൻ ഒസാമു സുസുക്കിക്ക് സാധിച്ചു.
1980ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച സുസുകി പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളിലൊന്നായി മാറി. 1983ൽ പുറത്തിറങ്ങിയ മാരുതി 800 ഇന്ത്യൻ റോഡുകളിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടത് സുസുക്കിയുടെ ദീർഘദർശിയായ നേതൃത്വത്തിന്റെ ഫലമാണ്.