ആശുപത്രി മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവം; കരാർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തി
Friday, December 27, 2024 4:58 PM IST
തിരുവനന്തപുരം: ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ നടപടിയുമായി സർക്കാർ. കരാർ ഏറ്റെടുത്ത സൺ ഏജ് എന്ന കമ്പനിയെ കരിമ്പട്ടികയിൽപെടുത്തിയതായി ശുചിത്വ മിഷൻ അറിയിച്ചു.
ശുചിത്വ മിഷന്റെ കാരണം കാണിക്കൽ നോട്ടീസിന് കമ്പനി മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. തിരുവനന്തപുരത്തെ ആശുപത്രികളിൽ നിന്ന് ശേഖരിച്ച മാലിന്യം കമ്പനി തിരുനെൽവേലിയിൽ തള്ളിയതായി കണ്ടെത്തിയിരുന്നു.
തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിലാണ് ടൺ കണക്കിന് ആശുപത്രി മാലിന്യങ്ങൾ നിക്ഷേപിച്ചത്. തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണൽ മാലിന്യങ്ങൾ നീക്കാൻ കേരളത്തിന് നിർദേശം നൽകിയിരുന്നു.