എറിഞ്ഞിട്ട് ദീപ്തിയും രേണുകയും, അടിച്ചെടുത്ത് റിച്ചയും ദീപ്തിയും; വിൻഡീസിനെ തകർത്ത് ഇന്ത്യ
Friday, December 27, 2024 3:40 PM IST
വഡോദര: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. വഡോദരയിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ അഞ്ചുവിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 163 വിജയലക്ഷ്യം അഞ്ചുവിക്കറ്റും 130 പന്തും ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു.
വെറും 31 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയും 29 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ രേണുക സിംഗുമാണ് വിൻഡീസ് ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടിയത്. 61 റൺസെടുത്ത ചിനെല്ലെ ഹെൻറിയാണ് ടോപ് സ്കോറർ. ഷെമെയ്ൻ കാംപ്ബെൽ (46), ആലിയ അലെയ്ൻ (21) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
മറുപടി ബാറ്റിംഗിൽ സ്മൃതി മന്ഥാന (നാല്), ഹർലീൻ ഡിയോൾ (ഒന്ന്), പ്രതിക റാവൽ (18), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (32), ജെമീമ റോഡ്രിഗസ് (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 48 പന്തിൽ മൂന്നു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 39 റൺസെടുത്ത ദീപ്തി ശർമയും 11 പന്തിൽ ഒരു ബൗണ്ടറിയും മൂന്നു കൂറ്റൻ സിക്സറുമുൾപ്പെടെ 23 റൺസെടുത്ത റിച്ച ഘോഷും ചേർന്ന് അതിവേഗം ഇന്ത്യയെ വിജയത്തിലെത്തിച്ചു.
വെസ്റ്റ് ഇൻഡീസിനു വേണ്ടി ഡിയാൻഡ്ര ഡോട്ടിൻ, ആലിയ അലെയ്ൻ, ഹെയ്ലി മാത്യൂസ്, ആഫി ഫ്ലെച്ചർ, കരിഷ്മ റാംഹറാക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.