കെഎസ്ആർടിസി അപകടങ്ങൾ കുറയ്ക്കാൻ ഉന്നതതല സമിതി രൂപീകരിക്കും
പ്രദീപ് ചാത്തന്നൂർ
Friday, December 27, 2024 3:23 PM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബസുകൾ അപകടത്തിൽപ്പെടുന്നതും ബ്രേക്ക്ഡൗണാകുന്നതും കുറയ്ക്കാനായി ജില്ലകൾ തോറും ഉന്നതതല സമിതികൾ രൂപീകരിക്കും. ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ഇൻസ്പെക്ടർ, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ, വെഹിക്കിൾ സൂപ്പർവൈസർ, മെക്കാനിക്ക് എന്നിവരുൾപ്പെടുന്നതാണ് പുതുതായി രൂപീകരിക്കുന്ന ടെക്നിക്കൽ - വിജിലൻസ് സെൽ അംഗങ്ങൾ.
കെഎസ്ആർടിസിയുടെ സ്റ്റാഫ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ആർ.എസ്. സലിംകുമാറിനെ സംസ്ഥാന തല കോർഡിനേറ്ററിയും നിയമിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ നിരവധി ബസുകൾ നിരത്തുകളിൽ തുടർച്ചയായി ബ്രേക്ക് ഡൗൺ ആകുന്നുണ്ട്. ഇവയുടെ അറ്റകുറ്റപ്പണികൾക്ക് വൻ തുക ചിലവഴിക്കേണ്ടി വരുന്നു.
ഇത്തരം നഷ്ടങ്ങളും സാമ്പത്തിക ചിലവുകളും ഒഴിവാക്കാനും സുരക്ഷിത യാത്രയൊരുക്കാനുമാണ് ടെക്നിക്കൽ - വിജിലൻസ് സെൽ. മെക്കാനിക്കൽ തകരാറുകൾ കണ്ടെത്തുക, നിരത്തിലെ ബ്രേക്ക്ഡൗൺ ഒഴിവാക്കുക, ബസുകളുടെ പരിപാലനം, കുറഞ്ഞ ഇന്ധനത്തിൽ പരമാവധി കിലോമീറ്റർ ഓടിക്കുക, ഡ്രൈവിംഗ് പോരായ്മകൾ കണ്ടെത്തുക, ഇത്തരം വിഷയങ്ങളെക്കുറിച്ചും പരാതികളെക്കുറിച്ചും അന്വേഷിക്കാനും അപകടകാരണമാകുന്ന സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുമാണ് ടെക്നിക്കൽ -വിജിലൻസ് ടീം.