ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍: രമേശ് ചെന്നിത്തല
Friday, December 27, 2024 3:01 PM IST
തിരുവനന്തപുരം: ലോക സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്ത ധിഷണാ ശാലിയായ ഭരണകര്‍ത്താവായിരുന്നു ഡോ. മന്മോഹന് സിംഗ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.
ഇന്ത്യയുടെ കരുതല്‍ സ്വര്‍ണശേഖരം പോലും വിദേശത്ത് കൊണ്ടുപോയി പണയം വയ്ക്കേണ്ട ദയനീയമായ അവസ്ഥയില്‍ നിന്ന് കരുത്തുറ്റ സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികനായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് മന്മോഹന് സിംഗിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു. 2004 മുതല്‍ 2014 വരെയുള്ള ഇന്ത്യയുടെ നിര്‍ണായക കാലഘട്ടത്തില്‍ പ്രതിസന്ധികളില്‍ തളരാതെ പക്വതയോടെയും കരുത്തോടെയും ഇന്ത്യയെ മുന്നോട്ട് നയിച്ചു അദ്ദേഹം.
തികഞ്ഞ മതേതര വാദിയും മാന്യനും മിതഭാഷിയുമായിരുന്ന അദ്ദേഹം അടിയുറച്ച ഗാന്ധിയനുമായിരുന്നു. രാഷ്ട്രത്തിനും കോണ്‍ഗ്രസിനും കനത്ത നഷ്ടമാണ് ഡോ. മന്മോഹന് സിംഗിന്റെ മരണം മൂലം ഉണ്ടായിട്ടുള്ളതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.