ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിച്ച ഭരണാധികാരി: കെ.സി. വേണുഗോപാല്‍
Friday, December 27, 2024 2:46 PM IST
തിരുവനന്തപുരം: സാമ്പത്തികമായി തകര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണ കാലയളവില്‍ ഇന്ത്യന്‍ ഭരണഘടന ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്തും 33 വര്‍ഷത്തെ പൊതുപ്രവര്‍ത്തന ജീവിതത്തിലും മന്മോഹന് സിംഗ് ഇന്ത്യയ്ക്കായി എന്ത് ചെയ്തെന്നതിന്റെ ഉത്തരം കൂടിയാണ് ഇന്നത്തെ ഇന്ത്യ. ധനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം തുടങ്ങിവച്ച സാമ്പത്തിക നയങ്ങള്‍ക്ക് പ്രധാനമന്ത്രിയായപ്പോള്‍ വെള്ളവും വളവും നല്കി ഇന്ത്യന്‍ വിപണിയുടെ ശക്തി വര്‍ധിപ്പിച്ചു.
മത്സരങ്ങളുടെ രാഷ്ട്രീയക്കളത്തിലിറങ്ങി പൊരുതിയിട്ടില്ലെങ്കിലും അടിയുറച്ച രാഷ്ട്രീയ ബോധ്യമുള്ള വ്യക്തിയായിരുന്നു മന്മോഹന് സിംഗെന്നത് അവസാന കാലത്ത് പോലും രാജ്യം കണ്ടതാണ്. കേരളത്തിന്റെ വികസനത്തിലുടനീളം അദ്ദേഹം നടത്തിയ ഇടപെടുകളും ചെലുത്തിയ ശ്രദ്ധയും ഓര്‍ക്കുന്നുവെന്നു വേണുഗോപാല്‍ പറഞ്ഞു.