കെ.സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യമര്യാദയുടെ ഭാഗം; സുനിൽകുമാറിന് മറുപടിയുമായി തൃശൂർ മേയർ
Friday, December 27, 2024 12:58 PM IST
തൃശൂർ: സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂർ മേയർ എം.കെ. വർഗീസ്. കെ.സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യമര്യാദയുടെ ഭാഗമെന്ന് മേയർ പറഞ്ഞു.
കേക്കുമായി വീട്ടിൽ വരുന്പോൾ കയറരുതെന്ന് പറയാനുള്ള സംസ്കാരം തനിക്കില്ല. ഇടതുപക്ഷത്ത് നിലനിൽക്കുന്നയാൾ ഇതുപോലുള്ള കാര്യങ്ങൾ പറയുന്നത് തെറ്റാണ്. ബാലിശമായ വിമർശനത്തിന് വില കൽപ്പിക്കുന്നില്ലെന്നും വർഗീസ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനിൽനിന്ന് വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് സുനിൽ കുമാര്‍ പറഞ്ഞിരുന്നു. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിത്. വര്‍ഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാൻ തീരുമാനിച്ചതാണ് പ്രശ്നമെന്നും സുനിൽ കുമാർ പറഞ്ഞു.
ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ സുനിൽ കുമാര്‍ രംഗത്തെത്തിയത്.