വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; ഭാര്യപിതാവും സഹോദരനും അറസ്റ്റിൽ
Friday, December 27, 2024 6:39 AM IST
ആലപ്പുഴ: അരൂക്കുറ്റി വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യാ പിതാവും സഹോദരനും അറസ്റ്റിൽ.
വടുതല ചക്കാല നികർത്തിൽ റിയാസ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിയാസിന്റെ ഭാര്യ നെതീഷയുടെ പിതാവ് നാസർ (62 ), മകൻ റെനീഷ് (35) എന്നിവരെ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം. എറണാകുളം സ്വദേശിയായ റിയാസ് വടുതലയിൽ ഭാര്യയുടെ വീടിന് അടുത്തായി വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു.
ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്ന റിയാസ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പറയപ്പെടുന്നു. വഴക്കിനെ തുടർന്ന് ഭാര്യ സ്വവസതിയിലേക്ക് പോയതിനെക്കുറിച്ച് ചോദിക്കുവാൻ എത്തിയതായിരുന്നു ഭാര്യാ പിതാവ് നാസറും മകൻ റെനീഷും.
റിയാസിനെ വീട്ടിൽ കാണാതിരുന്നതിനാൽ അടുത്തുള്ള റിയാസിന്റെ സുഹത്തിന്റെ വസതിയിൽ ഉണ്ടെന്നറിഞ്ഞ് അവിടെ ചെല്ലുകയും തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
മാരകായുധങ്ങളുമായാണ് ഇവർ എത്തിയതെന്ന് പറയപ്പെടുന്നു. പ്രതി റെനീഷിനെതിരെ നേരത്തേ കേസുകൾ ഉണ്ടായിരുന്നു. റിയാസ് - നെതീഷ ദമ്പതിമാർക്ക് എട്ട്, ആറ്, ഒന്ന് എന്നീ ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികൾ ആണ് ഉള്ളത്.