വർഗീയ പ്രസ്താവന നടത്തിയ വിജയ രാഘവനെ പോളിറ്റ് ബ്യൂറോയിൽ നിന്ന് നീക്കണം: രമേശ് ചെന്നിത്തല
Sunday, December 22, 2024 7:53 PM IST
തിരുവനന്തപുരം: അന്ധമായ മുസ്ലീം വിരുദ്ധതയുടേയും വെറുപ്പിന്റെയും ബഹിർസ്ഫുരണമാണ് വിജയ രാഘവനിലൂടെ പുറത്തുവന്നതെന്ന് രമേശ് ചെന്നിത്തല. വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയ വിജയ രാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് നീക്കം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് എടുക്കണം. സംഘപരിവാർ അണികളെ സന്തോഷിപ്പിക്കുന്നതിനുള്ള മത്സരമാണ് സിപിഎം നേതാക്കൾ നടത്തുന്നത്.
സിപിഎം ആർഎസ്എസിന്റെ നാവായി മാറിയിരിക്കുന്നു. ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ വർഗീയ വിഷം തുപ്പുകയാണ് വിജയരാഘവൻ ചെയ്തത്.
കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തി സമൂഹത്തിൽ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങൾ സിപിഎം അവസാനിപ്പിക്കണം. വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവൻ നടത്തിയത്. കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.