മുഖ്യമന്ത്രി ആരാകണം എന്നതിൽ തർക്കമില്ല: കെ.സുധാകരൻ
Sunday, December 22, 2024 2:44 PM IST
തിരുവനന്തപുരം: വി.ഡി.സതീശന് അധികാരമോഹിയാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വെള്ളാപ്പള്ളി അതു പറയാന്‍ പാടില്ലായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.
വെള്ളാപ്പള്ളി നടേശനെ നല്ല നടപ്പു നടത്താന്‍ നമുക്കൊന്നും കഴിയില്ലല്ലോ. അതിനു പറ്റുമോയെന്ന് കെ.സുധാകരന് ചോദിച്ചു. സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാകും എന്ന ചർച്ചയിലേക്ക് പാർട്ടി കടന്നിട്ടില്ല. വി.ഡി.സതീശന് പ്രതിപക്ഷ നേതാവ് ആയത് വെറുതെ ആയതല്ല.
അദ്ദേഹം ജനങ്ങളെ സേവിച്ചും പാര്‍ട്ടിയെ സേവിച്ചും വളര്‍ന്നുവന്നയാളാണ്. അല്ലാതെ ഇന്നലെ കടന്നുവന്ന ആളൊന്നുമല്ല. മുഖ്യമന്ത്രിയാവാന്‍ കോണ്‍ഗ്രസില്‍ എന്തുകൊണ്ടും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയിലും സുധാകരൻ പ്രതികരിച്ചു.
രമേശ് ചെന്നിത്തല വിദ്യാര്‍ഥി യൂണിയന് കാലം മുതല്ക്കേ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ആളാണ്. മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യത. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം എന്ന് കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും പറഞ്ഞോ.
പല പേരുകളും ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണെന്നും കെ.സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകണം എന്നതിനെപ്പറ്റി ചര്‍ച്ച തുടങ്ങിയിട്ടില്ല. തുടങ്ങുന്നതിനു മുമ്പേ തര്‍ക്കം വരുമോ. ഈ വിഷയത്തില്‍ ഒരു തര്‍ക്കവും വരില്ലെന്നും കെ.സുധാകരന് വ്യക്തമാക്കി.