അഭിമാനംകാത്ത് പെൺപട; പ്രഥമ അണ്ടർ-19 വനിതാ ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ, ബംഗ്ലാദേശിനെ തകർത്തു
Sunday, December 22, 2024 11:57 AM IST
ക്വാലാലംപുർ: പ്രഥമ ഐസിസി അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന കലാശപ്പോരിൽ 41 റൺസിനാണ് ഇന്ത്യൻ കൗമാരവനിതകൾ ബംഗ്ലാദേശിനെ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 18.3 ഓവറിൽ 76 റൺസിനു പുറത്തായി. 17 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ആയുഷി ശുക്ലയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ പരുണിയ സിസോദിയയും സോനം യാദവുമാണ് ബംഗ്ലാ പടയെ തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 117 റൺസെടുത്തത്. 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 52 റൺസെടുത്ത ഓപ്പണർ ഗോംഗാദി തൃഷയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. എന്നാൽ, നായകൻ നിക്കി പ്രസാദ് (12), മിഥില വിനോദ് (17), ആയുഷി ശുക്ല (10) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. ഇതോടെയാണ് ഇന്ത്യൻ സ്കോർ 117 റൺസിൽ ഒതുങ്ങിയത്.
ബംഗ്ലാദേശിന് വേണ്ടി 31 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഫർജാന ഈസ്മിൻ ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. നിഷിത അക്തർ നിഷി രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തി.
കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനും പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നതോടെ ബംഗ്ലാ വനിതകൾ പതറി.
22 റൺസെടുത്ത ജുവൈരിയ ഫെർദൗസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ. ഓപ്പണർ ഫഹോമിദ ചോയ 18 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിലായിരുന്ന അവർക്ക് 40 പന്തുകൾക്കിടയിൽ 21 റൺസിനാണ് അവസാന ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടത്.