ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിർത്തിയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ 60 ശതമാനം സീറ്റ് ബിജെപിക്ക് കിട്ടും: സുരേഷ് ഗോപി
Sunday, December 22, 2024 12:02 AM IST
ആലപ്പുഴ: ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിർത്തിയാൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 60 ശതമാനം സീറ്റ് ബിജെപിക്ക് നേടാനാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിജയം മാത്രമേ ലോകം അംഗീകരിക്കൂ. ശതമാന കണക്കൊന്നും ആരും നോക്കില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. പാർലമെന്റ് അംഗം എന്ന നിലയിൽ ഇതുവരെ കിട്ടിയ വരുമാനവും പെൻഷനും താൻ കൈകൊണ്ട് തൊട്ടിട്ടില്ല. ഇക്കാര്യം ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താൻ ഈ തൊഴിലിന് വന്ന ആൾ അല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താൻ. എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്.
താൻ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്. അവർക്ക് രാഷ്ട്രീയ പിൻബലം നൽകാനാണ് രാഷ്ട്രീയത്തിൽ വന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.