തട്ടിവിളിച്ചിട്ടും പ്രതികരിച്ചില്ല; ഓര്‍മയുണ്ട്, സംസാരിക്കാനാവുന്നില്ല: എം.ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കാരശേരി
Friday, December 20, 2024 1:40 PM IST
കോഴിക്കോട്: അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കഥാകൃത്തും നോവലിസ്റ്റുമായ എം.ടി. വാസുദേവൻ നായരെ സന്ദർശിച്ച് എം.എൻ. കാരശേരി. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എം.എന്‍. കാരശേരി പ്രതികരിച്ചു.
"ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്സിജന്‍ മാസ്ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്. നഴ്സിനോട് ചോദിച്ചു ഉറങ്ങുകയാണോ എന്ന്. ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന് നഴ്സ് പറഞ്ഞു. തോളത്ത് തട്ടി ഞാന്‍ വിളിച്ചു. ഇന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞു.ഒരു പ്രതികരണവുമില്ല. നഴ്സ് വന്ന് വിളിച്ച് ഇന്ന ആള് കാണാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രതികരണമില്ല. അദ്ദേഹത്തിന്റെ ശരീരത്തിൽ ഓക്സിജൻ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്'- എം.എന്‍. കാരശേരി പറഞ്ഞു.
ആശുപത്രിയിൽ വച്ച് എം.ടിയുടെ മക്കളോട് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓര്‍മയും കഥയുമൊക്ക ഉണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി ഉള്ളതായിട്ട് തോന്നിയില്ലെന്നും കാരശേരി മാധ്യമങ്ങളോടു വ്യക്തമാക്കി.