വണ്ടിപ്പെരിയാര്‍ പോക്സോ കേസ്: ഹൈക്കോടതി വിധിക്കു പിന്നാലെ അര്ജുന് സംസ്ഥാനം വിട്ടതായി സൂചന
Friday, December 20, 2024 9:31 AM IST
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതി അർജുൻ സംസ്ഥാനം വിട്ടതായി സൂചന. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. ഹൈക്കോടതിയെ നേരിട്ട് വിവരം അറിയിക്കണമെന്ന് അഭിഭാഷകന് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അര്ജുന് തയാറായിട്ടില്ല.
പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്കാന് ഹൈക്കോടതി വ്യാഴാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. അര്ജുന് വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്കിയ ഉപഹര്‍ജിയിലാണു നിര്‍ദേശം.
10 ദിവസത്തിനകം ബോണ്ട് സമര്‍പ്പിക്കാനും ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. വിചാരണക്കോടതിയില്‍ 50,000 രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള മറ്റ് രണ്ടു പേരുടെയും ബോണ്ടുകള്‍ കെട്ടിവയ്ക്കണം. ബോണ്ട് നല്‍കിയില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും കോടതി നിര്‍ദേശിച്ചു.