ആദ്യം അടിച്ചുകൂട്ടി, പിന്നെ എറിഞ്ഞിട്ടു; സിംബാബ്വെയെ നാണം കെടുത്തി അഫ്ഗാനിസ്ഥാൻ
Thursday, December 19, 2024 7:38 PM IST
ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏക ദിനത്തിൽ അഫാഗാനിസ്ഥാന് 232 റൺസിന്റെ ജയം. സ്കോർ: അഫ്ഗാനിസ്ഥാൻ 286/6 സിംബാബ്വെ 54/10. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫാഗാനിസ്ഥാൻ ഓപ്പണർ സെദിഖുള്ള അടലിന്റെ (104) സെഞ്ചുറി കരുത്തിലാണ് 286 റൺസ് നേടിയത്.
അബ്ദുൾ മാലിക്ക് 84 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം വിക്കറ്റിൽ ഇരുവരും 191 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് പിരിഞ്ഞത്. പിന്നീട് വന്ന ബാറ്റ്സ്മാൻമാർ നിലയുറപ്പിച്ച് കളിക്കാതെ വന്നതോടെ കൂറ്റൻ സ്കോർ എന്ന അഫ്ഗാൻ മോഹങ്ങൾക്ക് തിരിച്ചടിയായി.
മത്സരത്തിൽ നാൽപ്പത് റൺസാണ് എക്സ്ട്രായായി സിംബാബെ നൽകിയത്. ന്യൂമാൻ ന്യാംഹുരി മൂന്നും ട്രെവർ ഗ്വാണ്ടു രണ്ടു വിക്കറ്റും വീഴ്ത്തി. 287 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്വെയ്ക്ക് അഞ്ചു റൺസ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു.
പിന്നീട് വന്ന ബാറ്റ്സ്മാൻമാർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയതോടെ സിംബാബ്വെയുടെ പോരാട്ടം 17.5 ഓവറിൽ 54 റൺസിന് അവസാനിച്ചു. സിംബാബൻ നിരയിൽ രണ്ട് താരങ്ങൾക്ക് മാത്രമെ രണ്ടക്കം കടക്കാനായൊള്ളൂ. അഫ്ഗാനായി അള്ളാ ഗസൻഫറും നവീദ് സദ്രാനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
സെദിഖുള്ള അടലിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഏകദിനത്തിൽ അഫ്ഗാന്റെ ഏറ്റവും വലിയ വിജയമാണ് ഹരാരയിൽ പിറന്നത്. ഒന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ മൂന്നു മത്സരങ്ങടങ്ങിയ പരമ്പരയിൽ അഫ്ഗാന് 1-0 മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം ശനിയാഴ്ച നടക്കും.