ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സർക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല, ബിൽ പരാജയപ്പെടുമെന്ന് കോൺഗ്രസ്
Wednesday, December 18, 2024 4:05 AM IST
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരുതെരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടാ ഭേദഗതി ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കഴിയൂ എന്ന് കോണ്‍ഗ്രസ് എംപിമാര്‍ ഓര്‍മപ്പെടുത്തി.
ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേവലഭൂരിപക്ഷം മാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടതെന്നും കോണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോര്‍, ശശി തരൂര്‍ തുടങ്ങിയവർ പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി അര്ജുന് റാം മേഘ്വാള് ആണ് ബില്‍ അവതരിപ്പിച്ചത്.
ഭരണഘടനയുടെ 129-ാം ഭേദഗതി എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നു എന്ന് മന്ത്രി അറിയിച്ചു. ബിൽ അവതരണം വോട്ടെടുപ്പിലൂടെ പാസാക്കി. 269 എംപിമാർ ബില്ലിനെ അനൂകൂലിച്ചപ്പോൾ 198 പേർ ബില്ലിനെ എതിർത്തു.
രണ്ട് ഭാഗങ്ങളായിട്ടായിരുന്നു ബില്‍ അവതരണം.ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിനാണ് ആദ്യ ബില്‍. ജമ്മു കാഷ്മീര്‍, ഡല്‍ഹി അടക്കമുള്ള കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് ഇതേ തെരഞ്ഞെടുപ്പ് തന്നെ ബാധകമാക്കുന്നതാണ് രണ്ടാമത്തെ ബില്‍.