ബിഹാറിൽ ഒളിവിൽ കഴിയുന്ന കുറ്റവാളികളുടെ വീടുകൾ പൊളിച്ച് പോലീസ്
Wednesday, December 18, 2024 12:57 AM IST
പാറ്റ്ന: കിഴക്കൻ ചമ്പാരനിൽ കേസുകളിൽ പ്രതികളായ 100ലധികം ആളുകളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ബിഹാർ പോലീസ്.
ഒളിവിൽ കഴിയുന്ന പ്രതികളുടെ വീടുകളിൽ പോലീസ് സംഘം എത്തി ജെസിബി ഉപയോഗിച്ച് പൊളിക്കൽ നടപടികൾ നടപ്പാക്കിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒളിവിൽ കഴിയുന്ന ക്രിമിനലുകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ജില്ലാതല പ്രചാരണത്തിന്റെ ഭാഗമായാണ് എസ്പി സ്വർണ പ്രഭാതിന്റെ നേതൃത്വത്തിൽ പൊളിക്കൽ നടപടി നടപ്പാക്കിയത്. പോലീസ് നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് നിരവധി പ്രതികൾ കീഴടങ്ങി.
മോത്തിഹാരി നഗരത്തിന്റെ ചില ഭാഗങ്ങളിൽ എസ്പി സ്വർണ പ്രഭാത് പൊളിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചു. നോട്ടീസ് ലഭിച്ചിട്ടും കോടതി ഉത്തരവുകൾ പാലിക്കാത്തവർക്കെതിരെയും പോലീസിൽ കീഴടങ്ങുന്നതിൽ വീഴ്ച വരുത്തിയവർക്കുമെതിരെയാണ് നടപടിയെന്ന് എസ്പി പറഞ്ഞു.