കേരളാ സർവകലാശാലയിലെ ഗവർണർക്കെതിരായ പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തു
Tuesday, December 17, 2024 8:44 PM IST
തിരുവനന്തപുരം: കേരളാ സർവകലാശാലയിൽ ഗവർണർക്കതിരായി എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പോലീസ് കേസെടുത്തു. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ അടക്കം നൂറിലേറേ പേർക്കെതിരേയാണ് കേസ്.
എസ്എഫ്ഐ നേതാക്കളായ അഫ്സൽ, അനുശ്രീ, ആദർശ്, സിജോ എന്നിവരേ പ്രതിചേർത്തിട്ടുണ്ട്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
കേരള സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സെനറ്റ് ഹാളിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഗവർണർ എത്തിയതോടെയാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സർവകലാശാലകളെ ഗവർണർ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. വിസിമാരെ ഗവർണർ അനധികൃതമായി നിയമിക്കുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു.
പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ പോലീസ് സുരക്ഷ ഭേദിച്ച് സെനറ്റ് ഹാളിനു പുറത്തേയ്ക്ക് ഓടിക്കയറുകയായിരുന്നു. തുടർന്നു ഹാളിന്റെ പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.