എൻസിപിയിലെ മന്ത്രി മാറ്റം; ശരദ് പവാറും പ്രകാശ് കാരാട്ടും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു
Tuesday, December 17, 2024 6:53 PM IST
ന്യൂഡൽഹി: എൻസിപിയിലെ മന്ത്രി മാറ്റത്തിനായി ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എൻസിപി അധ്യക്ഷൻ ശരദ് പവാറും സിപിഎം ദേശീയ കോർഡിനേറ്റർ പ്രകാശ് കാരാട്ടുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
ഡൽഹിയിലെ ശരദ് പവാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയും തോമസ് കെ. തോമസ് എംഎൽഎയും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം തോമസ് കെ. തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ടെന്ന് എൻസിപി സംസ്ഥാന നേതൃത്വം അറിയിച്ചു. എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പി.സി. ചാക്കോയും തോമസ് കെ. തോമസും ശരത് പവാറുമായി ചർച്ച നടത്തും.
ശരത് പവാറിനെ കൊണ്ട് മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്താനാണ് നീക്കം. അതേസമയം മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.
അകവും പുറവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതിൽ എൻസിപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാവൂ. മന്ത്രിയെ മാറണം എന്ന് പറയേണ്ടത് വ്യക്തികൾ അല്ല. പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്നും ശശീന്ദ്രൻ പറഞ്ഞു.